04:26pm 15 June 2026
NEWS
കർണാടക മന്ത്രിസഭാവികസനം അടുത്തയാഴ്ച ; പുതിയ മുഖ്യമന്ത്രിയ്ക്ക് പരീക്ഷണഘട്ടം
15/06/2026  11:11 AM IST
വിഷ്ണുമംഗലം കുമാർ
കർണാടക മന്ത്രിസഭാവികസനം അടുത്തയാഴ്ച; പുതിയ മുഖ്യമന്ത്രിയ്ക്ക് പരീക്ഷണഘട്ടം

ബംഗളുരു: കർണാടകത്തിലെ ഡി കെ ശിവകുമാർ മന്ത്രിസഭയുടെ വികസനം ഈ മാസം 20ന് ശേഷം നടക്കും. 18 ന് രാജ്യസഭ, എം എൽ സി തെരഞ്ഞെടുപ്പുകൾ നടക്കേണ്ടതുണ്ട്. അത് കഴിഞ്ഞിട്ടേ മുഖ്യമന്ത്രിയ്ക്ക് മന്ത്രിസഭാവികസനത്തിലേക്ക് കടക്കാനാവൂ. ഈ മാസം മൂന്നിന് മുഖ്യമന്ത്രിയും പതിമൂന്ന് മന്ത്രിമാരുമാണ് സത്യപ്രതിജ്ഞ ചെയ്തത്. അതിൽ യതീന്ദ്ര ഒഴികെയുള്ളവർ സിദ്ധരാമയ്യ മന്ത്രിസഭയിൽ ഉണ്ടായിരുന്നവരാണ്. ലിങ്കായത്ത്-3,പട്ടികജാതി -3,വൊക്കലിഗ -2,കുറുബ -2,ന്യുനപക്ഷം -2,റെഡ്‌ഡി -1 ,പട്ടികവർഗ്ഗം-1 എന്നിങ്ങനെയാണ് ഇപ്പോൾ മന്ത്രിസഭയിലുള്ളവരുടെ ജാതി സമവാക്യം. നിയമാനുസൃതമായി സംസ്ഥാന മന്ത്രിസഭയിൽ 34 മന്ത്രിമാർ വരെയാകാം. അതായത് ഇനിയും ഇരുപതോളം പേർക്ക് അവസരമുണ്ട്. അതിനാകട്ടെ അറുപതിലേറെ എംഎൽഎമാർ പ്രതീക്ഷയോടെ കാത്തിരിക്കുന്നുണ്ട്. കഴിയുന്നത്ര പുതുമുഖങ്ങളെ ഉൾപ്പെടുത്തണമെന്നാണ് ഹൈക്കമാണ്ട് നിർദ്ദേശം. അതോടൊപ്പം ജാതി മത പ്രാദേശിക സന്തുലനാവസ്ഥ പരിഗണിക്കേണ്ടതുമുണ്ട്. ലിങ്കായത്ത്‌, വൊക്കലിഗ, പട്ടികജാതി വിഭാഗങ്ങളിൽ പെടുന്ന മൂന്നോ നാലോ പേർക്കും മറ്റു പിന്നോക്ക വിഭാഗത്തിൽ പെടുന്ന നാലോ അഞ്ചോ പേർക്കും ന്യൂനപക്ഷ വിഭാഗക്കാരായ ഒന്നോ രണ്ടോ പേർക്കും മന്ത്രിസഭയിൽ ഇടം കിട്ടിയേക്കും. ആദ്യഘട്ടത്തിൽ മന്ത്രിസഭയിൽ സ്ഥാനം കിട്ടാത്ത ചില മുതിർന്ന നേതാക്കൾ അക്ഷമരായി കാത്തിരിപ്പുണ്ട്. കിട്ടിയ വകുപ്പിൽ തൃപ്തിയില്ലാത്തവരുമുണ്ട്. അവരെയൊക്കെ അനുനയിപ്പിക്കുക എളുപ്പമല്ല. വിവാദത്തിൽ പെട്ട പ്രമുഖ മുസ്ലിംനേതാവും മുൻമന്ത്രിയുമായ സമീർ അഹമ്മദ് ഖാന് അവസരം കൊടുക്കുമോ എന്ന് വ്യക്തമല്ല. മന്ത്രിസ്ഥാനത്തിനായി അദ്ദേഹം ശക്തമായ ചരടുവലികൾ നടത്തുന്നുണ്ട്. കഴിഞ്ഞ തവണ സ്പീക്കറായിരുന്ന യു ടി ഖാദറിന് ഇത്തവണ ആദ്യഘട്ടത്തിൽ തന്നെ മന്ത്രിപദവി നൽകിയിട്ടുണ്ട്.മംഗലാപുരത്തുനിന്നുള്ള എംഎൽഎയായ ഖാദർ മലയാളിയാണ്. സമീർ ഒഴിവായാൽ ശിവാജിനഗർ എംഎൽഎ റിസ്വാൻ അർഷാദ്, മലയാളിയായ ശാന്തിനഗർ എംഎൽഎ എൻ.എ. ഹാരിസ് എന്നിവരിൽ ഒരാൾ മന്ത്രിസഭയിൽ എത്തിയേക്കും. മന്ത്രിസഭയിൽ ഇടം കിട്ടാത്ത എച്ച് കെ പാട്ടീൽ, ദിനേഷ് ഗുണ്ടുറാവു, ആർ വി ദേശ്പാന്ധെ എന്നിവർ സ്പീക്കർ സ്ഥാനത്തിനായി പരിശ്രമിക്കുന്നുണ്ട്. ദിനേഷ് ഗുണ്ടുറാവുവിനാണ് സാധ്യത. മുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ അതിവിശ്വസ്തരായ പത്തോളം എംഎൽഎമാരുണ്ട്. അവരിൽ ചിലരെ മന്ത്രിസഭയിലെത്തിക്കാൻ ഡി കെ ശ്രമം നടത്തുന്നുണ്ട്. ആർക്കൊക്കെ മന്ത്രിമാരാകാനുള്ള ഭാഗ്യം സിദ്ധിക്കുമെന്ന് അടുത്ത ആഴ്ച അറിയാം.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img